ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് വീണ്ടും സുപ്രീം കോടതിയില്‍. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്കി.മരംമുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാനും അണകെട്ട് ബലപെടുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ തമിഴ്നാട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതും മരംമുറിക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സേഫ്റ്റി ആക്ട് പ്രകാരമുള്ള അധികാരങ്ങള്‍ നല്കി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു.ഇതിന് ശേഷവും തര്‍ക്ക വിഷയങ്ങളില്‍ തീരുമാനമുണ്ടാകുന്നില്ലെന്നും കേരളം പ്രതിബന്ധ നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
1. ഡാം ബലപ്പെടുത്തുന്നതും മരം മുറിക്കുന്നതുമുള്‍പ്പെടേയുള്ള വിഷയങ്ങളില്‍ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം.
2. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ വര്‍ഷം കേരളം നല്കിയ അനുമതി പുനസ്ഥാപിക്കണം.
3. വള്ളക്കുളം -മുല്ലപ്പെരിയാര്‍ റോഡിലൂടെ ഡാം ബലപ്പെടുത്തുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിക്കാനുള്ള അനുമതി നല്കാന് കേരളത്തോട് നിര്‍ദേശിക്കണം.
4. ഈ റോഡിന്റെ അറ്റകുറ്റപ്പണി കേരളം ഉടന്‍ പൂര്‍ത്തിയാക്കണം.
5. ഡാമില്‍ ഫ്ലഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം സ്ഥാപിക്കണം.
6. തമിഴ് നാടിന്റെ കൂടുതല്‍ ബോട്ടുകള്‍ക്ക് പെരിയാർ തടാകത്തിൽ സർവീസ് നടത്താൻ അനുമതി നൽകണം തുടങ്ങിയവായാണ് തമിഴ്നാടിന്റെ മറ്റ് ആവശ്യങ്ങള്‍.