ദില്ലി : റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ തല്ക്കാലം മധ്യസ്ഥതയ്ക്കില്ല. നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 നേതാക്കളെ അറിയിച്ചതായി സൂചന. റഷ്യ, യുക്രൈൻ രാജ്യങ്ങൾ ഇതുവരെയും മധ്യസ്ഥതയ്ക്ക് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്നാണ് ഇന്ത്യയുടെ നിലപാടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യമെന്നതിനപ്പുറം ജി20 അധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിലും ഇന്ത്യക്ക് ഇരു രാജ്യങ്ങൾക്കിടയിലും സമാധാനം പുലർത്താൻ ഇടപെടൽ നടത്താനുള്ള വഴി തെളിഞ്ഞിട്ടുണ്ട്. സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും മുന്നോട്ട് വെച്ചിരുന്നു. റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് അതിന് സാധിക്കുമെന്നാണ് വിദേശ രാജ്യങ്ങളുടെ വിലയിരുത്തൽ.