കരിക്ക് വെബ്സീരീസിലെ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിരവധി പേരാണ് അർജുന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അർജുന്റെയും ശിഖയുടെയും വിവാഹനിശ്ചയം നടന്നത്. ‘മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന ഫേമസ് ഡയലോഗിനൊപ്പമായിരുന്നു അർജുൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടംബം. അച്ഛൻ റിട്ട.നേവൽ ബേസ് ഉദ്യോഗസ്ഥനാണ്.
തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ച അർജുൻ, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മലയാള വെബ് സീരീസ് ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ യൂടൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചിരുന്നു. കരിക്കിന്റേതായി പുറത്തുവരുന്ന ഓരോ വീഡിയോകൾക്കും വേണ്ടി ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. സാധാരണക്കാരില്‍ നടക്കുന്ന പല സംഭവങ്ങളും അതുപോലെ പകര്‍ത്തി വെച്ച എപ്പിസോഡുകള്‍ക്ക് വമ്പന്‍ ജനപ്രീതി വന്നതോടെ കഥയിലും അവതരണത്തിലും പുതുമയുമായി ടീം എത്തിയിരുന്നു. കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം ഇന്ന് മലയാളികളുടെ പ്രിയതാരങ്ങളാണ്. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് വളർന്നു. ഇന്ന് എട്ട് മില്യണോളം സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്.











