കണ്ണൂർ : കണ്ണൂർ സർവകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിനെ തിരുകികയറ്റുവാനുള്ള നീക്കം തടഞ്ഞ കേരള ഹൈക്കോടതി വിധിയിൽ സന്തോഷം രേഖപെടുത്തുന്നതായി സർവകലാശാല സെനറ്റ് അംഗം ഡോ ആർകെ ബിജു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയ മുഴുവൻ പരാതികളും ശരിയാണെന്ന് തെളിഞ്ഞുവെന്നും ആർകെ ബിജു വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ, അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിക്കുവാനുള്ള നടപടികൾ റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ചത് വിസി പുനർനിയമനത്തിനുള്ള പ്രത്യുപകാരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇക്കാര്യം പകൽപോലെ വ്യക്തമായി. അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത ഒരാളെ എന്തിനാണ് സർവകലാശാലയിൽ നിയമിക്കാൻ വൈസ് ചാൻസിലർ തയ്യാറായതെന്നു അദ്ദേഹം വ്യക്തമാക്കണമെന്നും ബിജു പറഞ്ഞു.
സർവകലാശാല രജിസ്ട്രാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം അതിശയിപ്പിക്കുന്നതാണ്. ആർക്ക് വേണ്ടിയാണു സർവകലാശാല സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. ആക്കാദമിക നിലവാരം ഉയർത്താനും അല്ലെങ്കിൽ ഗുണമേന്മ വർധിപ്പിക്കാനുമായി രജിസ്ട്രാർ നടത്തുന്ന കഠിന ശ്രമങ്ങൾ ഇത്തരത്തിലാണോ? എങ്കിൽ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചു.കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാലയിൽ കൊവിഡിന്റെ മറവിൽ ഓൺലൈൻ വഴി നടത്തിയിട്ടുള്ള മുഴുവൻ നിയമനങ്ങളും പുനപരിശോധിക്കുവാൻ സർവകലാശാല തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു.