കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സുലൈബിയയിലെ ഫാം ഏരിയകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. മറ്റ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.
പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്യുന്നത്. വിവിധ കേസുകളില്‍ പ്രതികളായവരെയും ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെയും ഇങ്ങനെ നാടുകടത്തുന്നുണ്ട്. ഇങ്ങനെ പിടിയിലാവുന്നവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും മടങ്ങി വരാനുമാവില്ല. നൂറു കണക്കിന് പേരെയാണ് കഴിഞ്ഞ മാസങ്ങളില്‍ ഇത്തരത്തില്‍ നാടുകടത്തിയത്.