മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ ഒരു മരണം നടന്നു. മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു ആദ്യം നാട്ടുകാരും വീട്ടുകാരുമെല്ലാം അറിഞ്ഞത്. എന്നാൽ മൂന്ന് മാസത്തിന് ശേഷം ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന വിവരം പുറത്തുവന്നു. അച്ഛനെ കൊന്നത് അമ്മ തന്നെയാണെന്ന് മകൾ കണ്ടെത്തുകയായിരുന്നു. കാമുകനോട് ഭർത്താവിനെ കൊന്ന വിവരം പറയുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് ലഭിക്കുകയും അത് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
ഭർത്താവിനെ കൊന്ന് മൂന്ന് മാസത്തിന് ശേഷമാണ് കൊലക്കുറ്റത്തിന് രഞ്ജന രാംതെക് എന്ന സ്ത്രീ അറസ്റ്റിലാകുന്നത്. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ മാറിയുള്ള ചന്ദ്രപൂരിലായിരുന്നു നാടകീയമായ കൊലയും പിടിക്കപ്പെടലും എല്ലാം നടന്നത്. ആഗസ്റ്റിലാണ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വിരമിച്ചത്. വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. എന്നാൽ കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച രഞ്ജന ഇയാളെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിറ്റേദിവസം രാവിലെ എല്ലാവരോടും ഭർത്താവ് മരിച്ച വിവരം അറിയിച്ചു. ആർക്കും സംശയം തോന്നിയില്ല. സാധാരണമായൊരു മരണം. മൃതദേഹം സംസ്കരിച്ചു. എല്ലാം രഞ്നയുടെ പദ്ധതി പ്രകാരം തന്നെ നടന്നു.
മാസങ്ങൾക്ക് ശേഷം മകൾ ശ്വേത വീണ്ടും വീട്ടിലെത്തിയതോടെയാണ് സത്യം പുറത്തേക്ക് വന്നത്. അപ്രതീക്ഷിതമായി അമ്മയുടെ ഫോൺ ഉപയോഗിച്ച ശ്വേത രഞ്ജന കാമുകനുമായി സംസാരിച്ച ഓഡിയോ ക്ലിപ്പിങ് കണ്ടെത്തി. പിന്നാലെ ഫോൺ സഹിതം ശ്വേത പൊലീസിൽ പരാതി നൽകുകയും ചെയ്തു. കൊലപാതകത്തിന് തൊട്ടുപിന്നാലെ കാമുകനെ വിളിക്കുകയും കുറ്റകൃത്യം ചെയ്തത് താനാണെന്നും സമ്മതിക്കുന്നതായിരുന്നു ഫോൺ സംഭാഷണം. ‘ഞാൻ തലയണ കൊണ്ട് അയാളെ ശ്വാസം മുട്ടിച്ചുകൊന്നു, രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഞാൻ പറയും’- എന്നും ഫോൺ സംഭാഷണത്തിൽ പറയുന്നതായി പൊലീസ് പറഞ്ഞു.
രഞ്ജനയും കാമുകൻ മുകേഷ് ത്രിവേദിയും തമ്മിലുള്ള ശബ്ദരേഖയാണ് ശ്വേത പൊലീസിനെ ഏൽപ്പിച്ചത്. പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശബ്ദ സംഭാഷണം കേൾപ്പിച്ചതോടെ ഇരുവരും കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു.