കണ്ണൂർ: പ്രിയ വർഗ്ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത.യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തിയേക്കും.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവച്ചിരുന്നു.സംയോജിത ബിരുദാനന്തര ബിരുദ ദാന ചടങ്ങാണ് മാറ്റിവെച്ചത്.വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിസിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വീണ്ടും ദില്ലിയിലെത്തും. ഒഡീഷയിലുള്ള ഗവര്‍ണ്ണര്‍ വൈകീട്ടോടെ കേരള ഹൗസിലെത്തും. പ്രിയ വര്‍ഗീസിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ മാധ്യമങ്ങളെ കണ്ടേക്കും. പ്രിയയുടെ
നിയമനത്തിനെതിരെ ഗവര്‍ണ്ണര്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പ്രിയ വർഗീസിന്റെ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്കും യോഗം രൂപം നൽകും. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചർച്ച ചെയ്യും.
ഇതിനിടെ സാങ്കേതിക സർവകലാശാല താത്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും,
സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നു എന്നുമാണ് സർക്കാരിന്റെ വാദം.സർക്കാർ ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വി.സിയുടെ ചുമതല ഗവർണ്ണർ നൽകിയത്.
ഹർജിയിൽ ഗവർണരുടെ നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. വിസിയായി സർക്കാർ ശുപാർശ ചെയ്ത വ്യക്തികളുടെ യോഗ്യതാ വിവരം അറിയിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.അഡീഷണൽ സെക്രട്ടറിക്ക് നിയമനം ചോദ്യംചെയ്ത് ഹർജി നൽകാൻ ആകില്ലെന്നാണ് സിസ തോമസ് ഹൈക്കോടതി അറിയിച്ചത്