ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ എല്ലാ 13 ബെഞ്ചുകളും ദിവസവും കൂടുതൽ കേസുകൾ കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ കൂടിയ ഫുൾ കോർട്ട് യോഗം തീരുമാനിച്ചു. വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട 10 കേസുകളും 10 ജാമ്യഹർജികളും കേൾക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ശൈത്യകാല അവധിക്കു മുൻപ് കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനാണിത്.വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്നതായതിനാൽ ജാമ്യ ഹർജികൾക്ക് മുൻതൂക്കം കൊടുക്കണമെന്നും ചിഫ് ജസ്റ്റിസ് നിർദേശം നൽകി. നിലവിൽ വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട് 3000 ഹർജികൾ കെട്ടിക്കിടക്കുന്നുണ്ട്. ഇത് കേസുകൾ അവരാവശ്യപ്പെടുന്ന കോടതിയിലേക്കു മാറ്റാൻ വേണ്ടിയുള്ളതാണ്.
എല്ലാ ബെഞ്ചും കുറഞ്ഞത് ഇത്തരം 10 കേസുകൾ വീതമെടുത്താൽ ദിവസവും 130 കേസുകളും ആഴ്ചയിൽ 650 കേസുകളും തീർപ്പാക്കാനാകും. അഞ്ച് ആഴ്ചയ്ക്കുള്ളിൽ ശൈത്യകാല അവധിക്കു പോകുന്നതിനു മുൻപേ ഈ കേസുകളിൽ തീർപ്പ് കൊണ്ടുവരാനാകും. എല്ലാ ദിവസവും ഈ 20 കേസുകൾ തീർപ്പാക്കിയതിനുശേഷം സാധാരണയുള്ള കേസുകൾ എടുത്തു തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതിനൊപ്പം, ദിവസവും സപ്ലിമെന്ററി ലിസ്റ്റിൽപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ കുറവു വരുത്താനും ജസ്റ്റിസ് ചന്ദ്രചൂഡ് നിർദേശം നൽകി. പലപ്പോഴും ഇത്തരം കേസുകൾ രാത്രി വൈകിയും പരിഗണിക്കാൻ ജഡ്ജിമാർക്ക് ഇരിക്കേണ്ടി വരാറുണ്ട്.