കോഴിക്കോട്: നിരവധി കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഒളവണ്ണ ഒടുമ്പ്ര ഖലീഫന്റകം ഷാനിദ് നിവാസ് ഷാനിദിനെ (22) ആണ് 2007 ലെ കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (കാപ്പ) വകുപ്പ് 15 (1) (a) പ്രകാരം നടപടി സ്വീകരിച്ച് ഒരു വർഷത്തേക്ക് നാടുകടത്തിയത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള സ്ഥലങ്ങളിലും സമീപ പ്രദേശത്തും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആളുകളുമായി കൂട്ടുകൂടി ഗൂഢാലോചന, കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ ദേഹോപദ്രവം ഏൽപ്പിച്ചും കവർച്ചയും, പിടിച്ചുപറിയും നടത്തിയും, ആളുകളെ ഭീഷണിപ്പെടുത്തിയും തുടർച്ചയായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് ജീവിച്ചു വന്നിരുന്നയാളാണ് ഷാനിദ്. നല്ലളം, പന്നിയങ്കര, കൊണ്ടോട്ടി, കുന്ദമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഷാനിദിനെതിരെ കേസുകൾ നിലവിലുണ്ട്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോ ആന്റ് ഓർഡർ ഡോ. എ ശ്രീനിവാസ്. ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് ഡി ഐ ജി ആന്റ് കമ്മീഷണർ ഓഫ് പൊലീസ് എ അക്ബർ ഐ പി എസ് ആണ് നാടുകടത്തൽ ഉത്തരവിറക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഡി ഐ ജി പദവിയിലേക്ക് ഉയർത്തിയശേഷം ആദ്യമായാണ് കാപ്പാ നിയമപ്രകാരം ഒരു വ്യക്തിക്കെതിരെ സിറ്റി പോലീസ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്.