തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി തിരിഞ്ഞ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. അപകടശേഷം വിഷ്ണു വാഹനം നിർത്താതെ കടന്ന് കളഞ്ഞിരുന്നു. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വർഷം മുന്പ് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഉദയംപേരൂർ സ്വദേയശിയായ കാവ്യ തൃപ്പൂണിത്തുറയിൽ വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ നിന്ന് വീണ കാവ്യയുടെ മേലേക്ക് തൊട്ടുപിറകെ വന്ന ബസ് കയറിയാണ് മരണം സംഭവിച്ചത്.
രണ്ട് ദിവസം മുന്‍പ് പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ച് ബസിന്‍റെ മുൻവശത്തെ വാതിൽ തുറന്നുപോയതോടെ പെൺകുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്.
മറ്റൊരു സംഭവത്തില്‍ അമിത വേഗതയിലെത്തിയ ലോറിക്കടിയിൽപ്പെട്ട് വയോധിക കൊല്ലപ്പെട്ടിരുന്നു. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു വയോധിക. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചായിരുന്നു അപകടം. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ ചരക്ക് വാഹനങ്ങളും നിരവധി. എന്നാല്‍, ദേശീയപാതയുടെ ഇരുവശവും താമസിക്കുന്ന ഗ്രാമവാസികള്‍ക്ക് പാത മുറിച്ച് കടക്കുന്നത് ഇതിനാല്‍ തന്നെ ഏറെ ശ്രമകരവുമാണ്. ഈ മേഖലയില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്.