കുന്നംകുളം: തൃശൂരില്‍ കുന്നംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മർദ്ദിച്ചതായി പരാതി. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഷംസീന, 15 വയസ്സുള്ള മകൻ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
സമീപവാസിയും ബന്ധവുമായ അലിമോന്‍റെ വീട്ടില്‍ വെള്ളിയാഴ്ച പകൽ സമയത്ത് ഷംസീനയുടെ മകന്‍ ചെന്നിരുന്നു. പിന്നീട് വൈകിട്ടോടെ അലി ഷംസീനയെ വിളിച്ച് വീട്ടില്‍ നിന്നും ച്ച് 600 രൂപാ കാണാതായെന്ന് അറിയിച്ചു. വിവരമറിഞ്ഞ് അലിയുടെ വീട്ടിലെത്തിയ ഷംസീനയെയും മകനെയും ഇയാള്‍ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായാണ് പരാതി. വടക്കേക്കാട് പൊലീസിലാണ് ഷംസീന പരാതി നൽകിയത്. മൊഴിയെടുത്ത ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി ചെറവന്നൂർ പാറമ്മലങ്ങാടിയില്‍ വിവാഹ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. താനാളൂർ ഒഴൂർ സ്വദേശി കുട്ടിയാമാകനത്ത് ഷാജഹാൻ (57) എന്ന മണവാളൻ ഷാജഹാനെയാണ് കൽപകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മണ്ണുതൊടുവിൽ അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും എട്ട് ലഷം രൂപയും കവർന്നത്.
മോഷണം നടന്ന ദിവസം പകലിലാണ് ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ അബ്ദുൽ കരീമിന്റെ മകളുടെ വിവാഹ സത്കാരമുണ്ടായത്. ഇത് കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് മോഷണം. കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഉറക്കം ഉണർന്നതോടെ സ്വർണവും പണവുമായി പ്രതി രക്ഷപ്പെടുകയായിരുന്നു.