ഹോട്ടലിൽ പോയി ഭക്ഷണം ഓർഡർ ചെയ്താൽ പരമാവധി എത്ര സമയം നിങ്ങൾ ഭക്ഷണത്തിനായി കാത്തിരിക്കാൻ തയ്യാറാണ്. കൂടിപ്പോയാൽ പത്തോ പതിനഞ്ചോ മിനുട്ട് അല്ലേ? എന്നാൽ അറിഞ്ഞു കൊള്ളൂ, ജപ്പാൻകാർ അവരുടെ പ്രിയപ്പെട്ട ഒരു ഭക്ഷണ വിഭവത്തിനു വേണ്ടി മൂന്നു പതിറ്റാണ്ട് വരെ കാത്തിരിക്കാൻ തയ്യാറാണ്. സംഗതി സത്യം തന്നെയാണ്. ജപ്പാനിൽ നിന്നുള്ള ശീതീകരിച്ച പ്രത്യേകതരം ബീഫ് കട്ലറ്റ് ആണ് ഈ വിഐപി ഐറ്റം. ഇപ്പോൾ ഓർഡർ ചെയ്താൽ ചിലപ്പോൾ 30 വർഷം കഴിഞ്ഞാവും വിഭവം കിട്ടുക എന്നതാണ് ഇതിന്റെ പ്രത്യേകത. കാരണം അത്രമാത്രം ജനപ്രിയമാണ് ഈ വിഭവം അവിടെ.
ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ തകാസാഗോ സിറ്റിയിൽ ഒരു കുടുംബം നടത്തുന്ന ഇറച്ചിക്കടയാണ് ഇവ വിതരണം ചെയ്യുന്നത്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 1926 മുതൽ അവർ ഈ വിഭവം വിൽക്കുന്നുണ്ട്. എങ്കിലും 2000 -ത്തിന്റെ തുടക്കത്തിൽ മാത്രമാണ് ഇവ പ്രചാരം നേടിയത്. ഇപ്പോൾ ഈ പ്രത്യേക ബീഫ് കട്ലറ്റുകളുടെ ആരാധകർക്ക് അവ ലഭിക്കാൻ 30 വർഷം കാത്തിരിക്കണം.
1999 -ലാണ് ഇവർ തങ്ങളുടെ ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നത്. അന്ന് അത്ര പ്രചാരം കിട്ടിയിട്ടില്ലായിരുന്നു ഈ ബീഫ് വിഭവത്തിന്. ഇത് ആളുകളിലേക്ക് കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി ഇവർ ഉപഭോക്താക്കൾക്ക് ഒരു ട്രയൽ വാഗ്ദാനം ചെയ്തു. ഒരു പീസ് ബീഫ് കട്ലറ്റ് ആയിരുന്നു ട്രയലായി നൽകിയിരുന്നത്. ഇത് ഇഷ്ടപ്പെട്ടാൽ കൂടുതൽ ഓർഡർ ചെയ്യാം. വലിയൊരു റിസ്കായിരുന്നു അവർ നടപ്പിലാക്കിയെങ്കിലും സംഗതി വിജയിച്ചു. ആളുകൾക്ക് ജാപ്പനീസ് വിഭവം ഏറെ ഇഷ്ടപ്പെട്ടു. അതോടെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചു.
ആവശ്യക്കാർ ഏറെയെങ്കിലും തങ്ങളുടെ സ്പെഷ്യൽ വിഭവമായ ഇത് ഒരുപാട് ഉണ്ടാക്കി അതിൻറെ ഗുണനിലവാരത്തിൽ കുറവ് വരുത്താൻ ഇവർ തയ്യാറല്ല. അതുകൊണ്ടുതന്നെ ഒരു ദിവസം 200 എണ്ണം മാത്രമേ ഉണ്ടാക്കുകയുള്ളൂ. ആവശ്യക്കാർ മുൻകൂട്ടി ഓർഡർ ചെയ്യണം. ഇപ്രകാരം വരുന്ന 30 വർഷത്തേക്കുള്ള ഓർഡറുകൾ ഇതിനോടകം ആളുകൾ നടത്തി കഴിഞ്ഞതായാണ് കടയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ ഷിഗേരു നിറ്റ പറയുന്നത്. ഈ പ്രത്യേകതരം കട്ലറ്റിന്റെ ഒരു പീസിന് ഇപ്പോൾ വില 290 രൂപ മുതൽ 315 രൂപ വരെയാണ്.