നടി ജയ ബച്ചന്റെ അഭിപ്രായങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കുന്നത് ഇന്ത്യൻ സ്ത്രീകളുടെ മാറി വരുന്ന വസ്ത്രധാരണത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ചെറുമകൾ നവ്യ നവേലി നന്ദയുടെ പോഡ് കാസ്റ്റിലാണ് ജയ ബച്ചൻ തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയത്.
പാശ്ചാത്യ വസ്ത്രങ്ങൾ സ്ത്രീകൾക്ക് കൂടുതൽ ചലന സ്വാതന്ത്ര്യം നൽകുന്നു. ഇന്നത്തെ കാലത്തെ സ്ത്രീകൾ ജോലിക്കും മറ്റുമായി പതിവായി പുറത്ത് പോകുന്നവരാണ്. വീട്ടിൽ ഇരിക്കുന്നവർ വളരെ കുറവാണ്. ഇത്തരം സാഹചര്യങ്ങളിൽ സാരി ഉടുക്കുന്നതിനെക്കാളും പാന്റ്സും ടീ ഷർട്ടും ധരിക്കുന്നതാണ് എളുപ്പം. ഇന്ന് അധികം സ്ത്രീകളും പാശ്ചാത്യവസ്ത്രം ധരിക്കുന്നവരാണ്; ജയ ബച്ചൻ പറഞ്ഞു.
മോഡേൺ വസ്ത്രം ധരിക്കുന്നതിലൂടെ പുരുഷന്മാരുടെ കരുത്ത് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ സ്ത്രീകളെ സ്ത്രീശക്തിയിൽ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതിനർഥം സ്ത്രീകളെല്ലാം സാരി ധരിക്കണം എന്നല്ല. സാരി എന്നത് ഉദാഹരണം മാത്രമാണ്. നേരത്തെ പാശ്ചാത്യ നാടുകളിലെ സ്ത്രീകൾ പാന്റ്സും ഷർട്ടും അല്ലാതെയുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. പിന്നീടാണ് ഈ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത്; ജയ ബച്ചൻ കൂട്ടിച്ചേർത്തു.