തൃശൂർ∙ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതി പിടിയിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ സ്വദേശി ജിന്റോ കുര്യനെയാണ് (36) തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. 2015ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്നുതന്നെ ജിന്റോയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. ഇതിനിടയിൽ ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോയി. ഇതോടെ ജിന്റോയെ പിടികൂടാൻ പ്രത്യേക ടീമിനെ രൂപീകരിച്ചു.
ആന്‍ഡമാൻ നിക്കോബാർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപ്പറ്റയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി ഇയാൾ അവിടെ അലുമിനിയം ഫാബ്രിക്കേറ്ററായി കഴിയുകയായിരുന്നു. കൽപറ്റയിൽനിന്നും ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്.പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്‍റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ വി.എം.കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ.വി.സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ.ജയൻ, പി.എം.ഷമീർ, മാഹിൻ ഷാ, സിപിഒ ബോബി ടി.ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.