കാഠ്മണ്ഡു: നോപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഞായറാഴ്ച 61 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരെഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടിങ്ങ് തടസപ്പെട്ടതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 22,000 പോളിങ് കേന്ദ്രങ്ങളിൽ പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. വോട്ടിങ്ങ് ശതമാനം പ്രതീക്ഷിച്ചതിലും കുറവാണെന്നും രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള വിശദാംശങ്ങള്‍ കൂടി ലഭിക്കുമ്പോള്‍ വോട്ടിങ്ങ് ശതമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ദിനേഷ് കുമാര്‍ തപാലിയ മാധ്യമങ്ങോട് പറഞ്ഞു.
ബജുറയിലെ ട്രിബെനി മുനിസിപ്പാലിറ്റിയിലെ നടേശ്വരി ബേസിക് സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ നടന്ന വെടിവെപ്പിനെ തുടര്‍ന്നാണ് ഒരാൾ കൊല്ലപ്പെട്ടത്. വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ നടന്ന തർക്കത്തിനിടെ വെടിയേറ്റാണ് 24 കാരനായ യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൈലാലി ജില്ലയിലെ ധംഗധി സബ് മെട്രോപൊളിറ്റൻ സിറ്റിയിലെ ശാരദ സെക്കൻഡറി സ്‌കൂൾ പോളിംഗ് സ്‌റ്റേഷന് സമീപത്ത് ചെറിയ സ്‌ഫോടനം നടന്നു. എന്നാൽ, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം തടസപ്പെട്ട വേട്ടിങ്ങ് പിന്നീട് പുനരാരംഭിച്ചു. ധംഗഡി, ഗൂർഖ, ദോലാഖ ജില്ലകളിലെ 11 പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇത് പോളിംഗിനെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം വളരെ കുറവാണ് – 2013-ൽ 77 ശതമാനവും 2017-ൽ 78 ശതമാനവും വോട്ടിങ്ങ് രേഖപ്പെടുത്തിയപ്പോള്‍ 2022 ല്‍ 61 ശതമാനമാണ് വോട്ടിങ്ങ്. 17.9 ദശലക്ഷത്തിലധികം വോട്ടർമാർ 275 അംഗ ജനപ്രതിനിധി സഭയിലേയ്ക്കും പ്രവിശ്യാ അസംബ്ലികളിലേക്കും വോട്ട് രേഖപ്പെടുത്തി. ചെറിയ ചില സംഭവങ്ങളൊഴിച്ചാൽ പൊതുവെ സമാധാനപരമായ തെരഞ്ഞെടുപ്പാണെന്ന് തപാലിയ പറഞ്ഞു. എന്നാല്‍, സംഘര്‍ഷത്തെ തുടര്‍ന്ന് നാല് ജില്ലകളിലെ 15 പോളിംങ് സ്റ്റേഷനുകളിൽ വോട്ടിംങ്ങ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് മാറ്റിവച്ച സ്ഥലങ്ങളില്‍ രണ്ട് ദിവസത്തിനകും വോട്ടിങ് നടത്താനുള്ള നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി കഴിഞ്ഞു. കാഠ്മണ്ഡു താഴ്‌വരയിലെ മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ ഇന്ന് രാത്രി തന്നെ ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ വോട്ടെണ്ണൽ അവസാനിക്കുമെന്നും ദിനേഷ് കുമാര്‍ തപാലിയ പറഞ്ഞു.
നേപ്പാള്‍ പാർലമെന്‍റിലേക്കുള്ള ആകെയുള്ള 275 അംഗങ്ങളിൽ 165 പേർ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയും ബാക്കി 110 പേർ ആനുപാതിക തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെയുമാണ് തെരഞ്ഞെടുക്കപ്പെടുക. പ്രവിശ്യാ അസംബ്ലികളിൽ ആകെയുള്ള 550 അംഗങ്ങളിൽ 330 പേരെ നേരിട്ടും 220 പേരെ ആനുപാതിക രീതിയിലുമാണ് തെരഞ്ഞെടുക്കുന്നത്. ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന മാവോയിസ്റ്റ് കലാപത്തിന്‍റെ അവസാനം മുതൽ നേപ്പാൾ പാർലമെന്‍റിൽ രാഷ്ട്രീയ അസ്ഥിരത ആവർത്തിക്കുകയാണ്. 2006-ൽ ആഭ്യന്തരയുദ്ധത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും മുഴുവൻ കാലാവധിയും തികച്ചിട്ടില്ല. രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ – ഇടതുപക്ഷ സഖ്യവും സി.പി.എൻ – യു.എം.എൽ നേതൃത്വത്തിലുള്ള ഇടതുപക്ഷ, ഹിന്ദു അനുകൂല, രാജവാഴ്ചാ അനുകൂല സഖ്യവുമാണവ. പ്രധാനമന്ത്രി ദ്യൂബയുടെ (76) നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ്, മുൻ പ്രധാനമന്ത്രി ഒലിയ്‌ക്കെതിരെ (70) മുൻ മാവോയിസ്റ്റ് ഗറില്ല നേതാവ് പ്രചണ്ഡ (67) യുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചിരുന്നു. ഫെഡറൽ പാർലമെന്‍റിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 2,412 സ്ഥാനാർത്ഥികളിൽ 867 പേർ സ്വതന്ത്രരാണ്.