കോഴിക്കോട്: മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് ശശി തരൂർ. വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്‍റെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്. വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തിയെന്നും പ്രതികരിച്ചു. കോഴിക്കോടെ പരിപാടിയിൽ നിറയെ കോൺഗ്രസുകാരുണ്ടായിരുന്നുവെന്ന് പറഞ്ഞ തരൂർ, തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കൾ പറയട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.
ശശി തരൂരിനെ വിലക്കിയ സംഭവത്തിൽ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കെ മുരളീധരൻ എംപിയുടെ പരാമര്‍ശം. മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് മുരളീധരൻ തുറന്നടിച്ചത്. വിഷയത്തില്‍ തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് വി ഡി സതീശൻ പറയുന്നത്. ശശി തരൂർ വിഷയത്തിൽ ഇനി കെപിസിസി പ്രസിഡന്റ് മറുപടി നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. അതേസമയം, നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.