ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്ന് കോൺഗ്രസ്. പ്രതികളെ വിട്ടയച്ച നടപടി നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്നായിരുന്നു കോൺഗ്രസിന്റെ നിരീക്ഷണം. പ്രതികളെ കുറ്റവിമുക്തരാക്കി 10 ദിവസങ്ങൾക്ക് ശേഷമാണ് റിവ്യൂ ഹരജി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറും വെള്ളിയാഴ്ച ഹരജി നൽകിയിരുന്നു.
നളിനി ശ്രീഹരൻ ഉൾപ്പെടെ ആറ് പ്രതികളെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നത്. 30 വർഷത്തോളം ശിക്ഷ അനുഭവിച്ചുവെന്നും ജയിലിലെ പെരുമാറ്റം നല്ലതാണെന്നും ചൂണ്ടിക്കാട്ടിയും തമിഴ്നാട് സർക്കാർ ഇവരെ കുറ്റവിമുക്തരവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വ്യക്തമാക്കിയുമായിരുന്നു സുപ്രീംകോടതിയുടെ നടപടി.
പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിരീക്ഷണം.
അതേസമയം, കോൺഗ്രസ് മുൻ അധ്യക്ഷയും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയാ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും പ്രതികൾക്ക് മാപ്പ് നൽകുകയും പ്രിയങ്ക പ്രതികളിലൊരാളായ നളിനിയെ ജയിലിൽ പോയി കാണുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തി അംഗീകരിക്കാത്ത കോൺഗ്രസ് ഉത്തരവിനെതിരെ രൂക്ഷ വിർമശനം ഉന്നയിച്ചിരുന്നു.