ഫുജൈറ: യുഎഇയുടെ 51-ാം ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി മറ്റൊരു എമിറേറ്റ് കൂടി ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറയാണ് ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്കാണ് പിഴയിളവ് ലഭിക്കുക.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. നവംബര്‍ 26ന് മുമ്പ് നടത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ആനുകൂല്യം ബാധകമാകുക. ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുമെന്നും ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുമെന്നും ഫുജൈറ പൊലീസിലെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് എമിറേറ്റിലെ മീഡിയ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു.
അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലും ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 2023 ജനുവരി ആറു വരെയാണ് ഉമ്മുല്‍ഖുവൈനില്‍ 50 ശതമാനം ഇളവ് ലഭിക്കുക. ഒക്ടോബര്‍ 31ന് മുമ്പുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുന്നത്. ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമല്ല. പൊലീസ് വെബ്‌സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ പിഴകള്‍ അടയ്ക്കാം.
അബുദാബിയില്‍ ട്രാഫിക് പിഴകള്‍ നേരത്തെ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവുകള്‍ നിലവിലുണ്ട്. നിയമലംഘനങ്ങള്‍ നടത്തി 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവാണ് അബുദാബിയില്‍ ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ത്താല്‍ 25 ശതമാനം ഇളവാണ് ലഭിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ പോലീസിന്റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്‌ഫോമുകള്‍ മുഖേനയോ പിഴകള്‍ അടയ്ക്കാം. അതേസമയം ഡ്രൈവര്‍മാര്‍ക്ക് അവരുടെ പിഴ കുടിശ്ശിക പലിശ രഹിത തവണകളായി അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റെക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവ വഴി അടയ്ക്കാവുന്നതാണ്.
അജ്മാന്‍ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കിയത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചിരുന്നു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കിയിട്ടുണ്ട്.