കോഴിക്കോട് : സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ നിലയ്ക്കും. ശക്തമായ സമര പരിപാടികളുമായി സംയുക്തമായി മുന്നോട്ട് പോകുകയാണെന്നാണ് റേഷൻ വ്യാപാരി സംഘടനകൾ അറിയിക്കുന്നത്. കമ്മീഷൻ തുക പകുതിയാക്കി കുറച്ചതിനെതിരെ 14000 റേഷൻ വ്യാപാരികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. കമ്മീഷൻ ഇനത്തിൽ 29 കോടി രൂപയാണ് ഒക്ടോബറിൽ നൽകാനുള്ളത്. ഇതിൽ 14 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. റേഷൻ വ്യാപാര മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. കമ്മീഷൻ പൂർണ്ണമായും കിട്ടുന്നില്ല. അനുവദിച്ചതിന്റെ 49 ശതമാനം മാത്രമേ നൽകുകയുള്ളുവെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
പണി എടുത്തതിന്റെ കൂലിയാണ് ചോദിച്ചതെന്ന് സംയുക്ത സമരസമിതി കൺവീനർ മുഹമ്മദലി പറഞ്ഞു. കഴിഞ്ഞ മാസത്തെ കമ്മീഷൻ ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോൾ പറയുന്നത് 49 ശതമാനം മാത്രമേ കിട്ടൂ എന്നാണ്. എന്നാൽ ഓണത്തിന്റെ കിറ്റ് കൊടുത്ത വകയിൽ 50 കോടി രൂപ കിട്ടാനുണ്ട്. എന്നിരുന്നാലും ഗവൺമെന്റിനെ പരമാവതി സഹായിച്ച വിഭാഗമാണ് റേഷൻ വ്യാപാരികൾ. ഒപ്പം നിന്നവരാണ് തങ്ങളെന്നും മുഹമ്മദലി പറഞ്ഞു.
ഭക്ഷ്യവകുപ്പ് മന്ത്രിയോട് തങ്ങൾക്ക് പരാതിയില്ല. ഭക്ഷ്യ മന്ത്രി 148 കോടി രൂപ ആവശ്യപ്പെട്ടു. പക്ഷേ 44 കോടി രൂപയാണ് ധനവകുപ്പ് കൊടുത്തത്. ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ സഹായിക്കണം എന്നാണ് തങ്ങൾക്ക് പറയാനുള്ളത്. കേരളത്തിലെ 92 ലക്ഷം കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഭാഗത്തെയാണ് അവഗണിക്കുന്നതെന്ന് ധനവകുപ്പ് മനസിലാക്കണം. കട വാടക, കരണ്ട് ചാജ്, സെയിൽസ്മാന്റെ കൂലി, ക്ഷേമനിധി തുക ഇങ്ങനെ ചിലവുകളേറെയാണെന്ന് ഭക്ഷ്യവകുപ്പ് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. റേഷൻ വ്യാപാരികളുടെ നാല് പ്രമുഖ സംഘടനകളും സംയുക്തമായാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയമോ നിറമോ ഇതിന് പിന്നിൽ ഇല്ലെന്നും മുഹമ്മദലി വ്യക്തമാക്കി.