ദില്ലി: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. മടങ്ങിയെത്തുന്നവര്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നിലപാട് തേടിയത്. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജികള്‍ അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
ഇതിനിടെ യുക്രൈന്‍ – റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ കോഴ്‌സ് വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും സുപ്രീംകോടതി പരിഗണിച്ചു. ഈ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ മറുപടി സമർപ്പിച്ചതായി എഎസ്ജി ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എന്നാല്‍, അത്തരമൊരു മറുപടി കേന്ദ്രം നൽകിയിട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. മാത്രമല്ല യുദ്ധത്തിൽ തകർന്ന രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് ശമ്പളത്തിനും അർഹതയുണ്ടെന്ന് ഹര്‍ജിക്കാരുടെ വക്കീലായ അഡ്വ മേനക ഗുരുസ്വാമി വാദിച്ചു. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ഉൾക്കൊള്ളാൻ സർക്കാറിന് കഴിയില്ലെന്നും പ്രത്യേകിച്ച 1, 4 വർഷ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നെന്നും ഇത് മെഡിക്കല്‍ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും എഎസ്ജി വാദിച്ചു.
എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും തിരിച്ചെത്തിയ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തിരികെ ചൈനയിലേക്ക് മടങ്ങിയതായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. കേസ് അടുത്ത 29 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.