ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചു.
ഹരജി പരിഗണിക്കാൻ തക്കതായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. “പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഡൽഹി പൊലീസിന്‍റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയൊന്നുമില്ല. പക്ഷെ ഹരജിക്കാരനുണ്ട്”- കോടതി പറഞ്ഞു.
കോടതി ഒരു നിരീക്ഷണ ഏജൻസി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഡൽഹി പൊലീസ് 80 ശതമാനം അന്വേഷണവും പൂർത്തിയാക്കിയതായും അഡീഷണൽ കമീഷണർ ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 200 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണം നടത്തുന്നതെന്നും കോടതി അറിയിച്ചു.കേസിൽ മതിയായ സാക്ഷികളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
26 കാരിയായ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്താബ് അമീൻ പൂനാവാല (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ആഴ്ച ആദ്യമാണ് ദാരുണമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഫ്താബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അഫ്താബ് കുറ്റസമ്മതം നടത്തിയതായെങ്കിലും കൊലപാതകത്തിന്‍റെ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം പാടുപെടുകയാണ്. അഫ്താബ് ഇടക്കിടെ മൊഴി മാറ്റുന്നതിനാൽ നുണപരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.