കൊച്ചി ∙ പെരിയ കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ കൊച്ചി സിബിഐ കോടതി അംഗീകരിച്ചു. ഒന്നാം പ്രതി എ.പീതാംബരന്റെ പരിശോധനയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. അനുമതി ഇല്ലാതെ ജയിലിൽ സുഖചികിത്സ നൽകിയെന്ന റിപ്പോർട്ടിൽ കണ്ണൂർ ജയിൽ സൂപ്രണ്ട് മാപ്പ് എഴുതിനൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് ജയിൽമാറ്റാൻ കോടതി ഉത്തരവിട്ടത്.ജയിലിൽ പീതാംബരന് 40 ദിവസത്തെ ആയുർവേദ ചികിത്സ നൽകിയെന്നാണ് ആരോപണം. പെരിയയിൽ 2019 ഫെബ്രുവരി 17നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യംതന്നെ പ്രതി ചേർക്കപ്പെട്ടയാളാണ് പീതാംബരൻ. ഇയാൾ ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കേരള പൊലീസ് അന്വേഷിച്ച കേസിൽ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികൾക്ക് സർക്കാർ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതായി പലപ്പോഴായി ആരോപണം ഉയർന്നിട്ടുണ്ട്.