പാലക്കാട്: ചിറ്റൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് മരിച്ചത്. 48 വയസായിരുന്നു. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റിയിരുന്നില്ല. ഇതിൽ ഏറെ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാർ പറയുന്നു. പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷി ചെയ്തത്. 15 ദിവസം മുൻപ് ഇവ വിളവെടുക്കാൻ പ്രായമായിരുന്നു. എന്നാൽ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. എന്നാൽ ഇത് തമിഴ്നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.
ഇന്ന് രാവിലെയാണ് മുരളീധരനെ വീടിനോട് ചേർന്ന കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത പത്തേക്കർ സ്ഥലത്ത് നെൽകൃഷിയാണ് ചെയ്തിരുന്നത്. വിളവെടുക്കാൻ പാകമായിട്ടും കൊയ്ത് നടത്താൻ പണം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വാടക പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ കൊയ്ത് യന്ത്രം ലഭിക്കാത്തതും പ്രതിസന്ധിയായി. മറ്റെന്തെങ്കിലും കാരണമാണോ ആത്മഹത്യക്ക് പിന്നിലെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. മുരളീധരൻ്റ ആത്മഹത്യയറിഞ്ഞ് ഞെട്ടലിലാണ് ബന്ധുക്കളും നെൽകർഷകരും.