ഇസ്താംബുൾ: വടക്ക് പടിഞ്ഞാറൻ തുർക്കിയിൽ ഇന്ന് പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ആഴം കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയപ്പോള്‍, തുര്‍ക്കി 5.9 തീവ്രത രേഖപ്പെടുത്തി. ഭീകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഡസ്സെ പ്രവിശ്യയിലെ ഗോൽയാക്ക ജില്ലയിലാണ്. ഭൂചലനത്തെ തുടര്‍ന്ന് സമീപത്തെ മറ്റ് നഗരങ്ങളിലും കുലുക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതിരാവിലെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകള്‍ക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് ഡ്യൂസെയിൽ 32 പേർക്കും ഇസ്താംബൂളിൽ ഒരാൾക്കും സമീപ പ്രവിശ്യകളായ ബോലു, സോൻഗുൽഡാക്കിൽ മറ്റ് രണ്ട് പേർക്കുമടക്കം 35 പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക ട്വീറ്റ് ചെയ്തു. പരിഭ്രാന്തരായി ബാൽക്കണിയിൽ നിന്ന് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ഗോൽയാക്ക സന്ദർശിച്ച ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. 70 തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലർച്ചെ ആളുകൾ വീടിന് പുറത്ത് പുതപ്പ് പുതച്ച് ഇരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ശിശിര കാലത്തിന്‍റെ തുടക്കമായതിനാല്‍ പ്രദേശത്ത് തുണുപ്പ് കൂടിവരികയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് ഡസ്‌സെ, സക്കറിയ പ്രവിശ്യകളിൽ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കനത്ത നാശനഷ്ടങ്ങളോ കെട്ടിടങ്ങൾ തകർന്നതോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധന തുടരുകയാണെന്ന് സോയ്‌ലു പറഞ്ഞു. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. 1999 -ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിൽ ഒന്നാണ് ഡസ്സെ. പതിറ്റാണ്ടുകൾക്ക് ശേഷം തുർക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്ന് അത്. അന്നത്തെ ഭൂകമ്പത്തിൽ ഇസ്താംബൂളിൽ 1,000 പേർ ഉൾപ്പെടെ രാജ്യമൊട്ടുക്കും 17,000-ത്തിലധികം പേർ മരിച്ചു. 2020 ജനുവരിയിൽ ഇലാസിഗിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 40-ലധികം പേർ മരിച്ചിരുന്നു. ആ വർഷം നവംബറിൽ, ഈജിയൻ കടലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഈ ഭൂചലനത്തില്‍ 114 പേർ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഭൂചലനം.