അതിരൂക്ഷമായ കോവിഡ് തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണ് ലോകം. നിലവില്‍ ലോകമെമ്പാടും ചികിത്സയിലുള്ളത് 3.39 കോടി ആളുകളാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ശരാശരി 17.62 ലക്ഷം കേസുകള്‍. യുഎസ് (31.3%), യുകെ (10.6%), ഫ്രാന്‍സ് (10.2%), ഇറ്റലി (6.6%), സ്പെയിന് (6.1%) എന്നീ രാജ്യങ്ങളിലാണ് ആകെ കേസുകളുടെ 65%. കോവിഡിന്റെ ആവിര്‍ഭാവം മുതല്‍ പല രാജ്യങ്ങളും ശക്തമായ 4 തരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ഇതില്‍ ആദ്യത്തേതു കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു. കഴിഞ്ഞ 3 തരംഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ പ്രതിദിന കേസുകള്‍. ഡിസംബര്‍ 30ന് 19.49 ലക്ഷം കേസുകളായിരുന്നു. കഴിഞ്ഞദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 25.62 ലക്ഷം കേസുകളാണ്. ഹോങ്കോങ്ങില്‍ കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, യുഎസ്, ബ്രിട്ടന്, പാക്കിസ്ഥാന് എന്നിവ ഉള്‍പ്പെടെ 8 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നെതര്‍ലന്‍ഡ്സില്‍ ഇന്നലെ മാത്രം 24,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണത്തില്‍ 64% വര്‍ധനയുണ്ടായി. പ്രതിദിനം 672 കുട്ടികള്‍ യുഎസില്‍ ആശുപത്രിയിലാകുന്നു. ജപ്പാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താന്‍ സമ്മര്‍ദം ഏറുകയാണ്. ഫിലിപ്പീന്‍സില്‍ പ്രശസ്തമായ ബ്ലാക്ക് നസ്റീന് ഘോഷയാത്ര റദ്ദാക്കി. നാളെ മുതല്‍ ബ്രിട്ടനിലേക്ക് എത്തുന്നവര്‍ യാത്രയ്ക്കു മുന്‍പായി കോവിഡ് പരിശോധന ചെയ്യേണ്ട കാര്യമില്ല. ബ്രിട്ടനില്‍ ആര്‍ടിപിസിആറിനു പകരം ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് എന്ന പരിശോധനയ്ക്കു വിധേയരായാല്‍ മതി. എത്തുന്നതിന്റെ രണ്ടാം ദിനത്തില്‍ ഇതു ചെയ്യാം. ഇതു പോസിറ്റീവാണെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ ചെയ്താല്‍ മതി. അയര്‍ലന്‍ഡില്‍ വാക്സീനെടുത്ത് എത്തുന്ന യാത്രികര്‍ക്ക് കോവിഡ് പരിശോധനാ ഫലം വേണ്ടെന്ന് തീരുമാനമായി. തായ്ലന്ഡില് ആള്‍ക്കൂട്ടങ്ങള്‍ക്കും മദ്യവില്പനയ്ക്കും വിലക്കേര്‍പ്പെടുത്തി.
ചൈനയിലെ ഷെന്ഷുവില് കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരത്തില്‍ വസിക്കുന്ന 1.3 കോടി ആളുകളും പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇസ്രയേലില്‍ വൈറസ് പടരുന്നു. ഇവയില്‍ ഭൂരിഭാഗവും ഒമിക്രോണ്‍ വകഭേദമാണ്. 139 രാജ്യങ്ങളിലേക്കു വ്യാപിച്ച ഒമിക്രോണ്‍ വഴി 4.70 ലക്ഷം കേസുകള്‍ ലോകത്താകെ സ്ഥിരീകരിച്ചു. ബ്രിട്ടന് (2.47 ലക്ഷം), ഡെന്മാര്ക്ക് (57,125), യുഎസ് (42,539) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. 108 മരണം മാത്രമാണ് ഈ വകഭേദം മൂലം റിപ്പോര്‍ട്ട് ചെയ്തത്.