ദില്ലി : കോൺഗ്രസ് അനുഭാവിയാണെങ്കിൽ, ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിന് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യർത്ഥന. ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാൽ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ദില്ലി മുഖ്യമന്ത്രിയുടെ ആഹ്വാനം.
ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കൽ മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ബിജെപിയിലേക്ക് പോകും. അതിനാൽ ആംആദ്മിപ്പ് വോട്ട് ചെയ്യണം. ഇത്തവണ ഗുജറാത്തിൽ ദൈവം ഒരു വലിയ അത്ഭുതം ചെയ്യാൻ പോകുകയാണ്. ദൈവഹിതമനുസരിച്ച് ആംആദ്മിക്ക് വോട്ട് ചെയ്ത് ഈ മാറ്റത്തിന്റെ ഭാഗമാകൂവെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു.
ഗുജറാത്ത് പിടിക്കാൻ വലിയ മുന്നൊരുക്കങ്ങളാണ് ആം ആദ്മി പാർട്ടി നടത്തുന്നത്. ആംആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ എത്തുമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടുണ്ടെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം. 182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബര്‍ ഒന്ന് മുതൽ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വിയാണ് ഗുജറാത്തിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.