തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുകുകയാണ്. നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും ജയിലിലായി. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതോന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂർ, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തരൂർ തർക്കത്തിൽ വി ഡി സതീശനെ ന്യായീകരിച്ചും കെ മുരളീധരനെ തള്ളിയും രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ബലൂൺ പ്രയോഗം ശശി തരൂരിനെ ഉദ്ദേശില്ലച്ചല്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പാർട്ടിയിൽ ആരെയും ഭയക്കേണ്ട സാഹചപര്യമില്ല. എല്ലാവർക്കും അഭിപ്രായം പറയാനുള്ള ഇടം കോൺഗ്രസിലുണ്ട്. അതേസമയം ഏത് കുപ്പായം തുന്നിക്കണമെങ്കിൽ നാല് വർഷം കാത്തിരിക്കണമെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും കെ മുരളീധരന്റെ പരാമർശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.












