തിരുനെൽവേലി ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അമ്മ മകളെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയെന്നു സംശയം. കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് തമിഴ്നാട്ടിൽ ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്തിരുന്ന അരുണ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
അരുണയുടെ പിതാവും സഹോദരനും ചെന്നൈയിൽ ഓട്ടോ ഡ്രൈവർമാരാണ്.പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന അരുണ, മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചെങ്കിലും, ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി കുടുംബം എതിർത്തു. പകരം, സ്വന്തം ജാതിയിൽപ്പെട്ട ഒരു യുവാവുമായി വിവാഹം ആലോചിക്കുകയും ചെയ്തു.
ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാൻ വീട്ടിലെത്താനിരിക്കുകയായിരുന്നു. എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ എതിർത്ത അരുണ, അവരെ കാണില്ലെന്ന നിലപാടെടുത്തു. ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് അരുണയെ അമ്മ ഷാളുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.