അടിമാലി: കാട്ടുപന്നികളെ കെണി വെച്ച് പിടിച്ച് ഇറച്ചി വിൽപന നടത്തിയ സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ടു പേരെ വനപാലകർ പിടികൂടി. ആനച്ചാൽ ആമക്കണ്ടം ഓലികുന്നേൽ രമണൻ (46), അടിമാലി മച്ചിപ്ലാവ് വടക്കും വീട്ടിൽ ബിനു (39) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസ്, പനംകുട്ടി ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.
ഒക്ടോബർ 16ന് മൂന്നാർ നല്ലതണ്ണിയിൽ നിന്നും രണ്ടു കാട്ടുപന്നികളെ കെണിവെച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി കടത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്. 150 കിലോ ഇറച്ചി അന്ന് പിടികൂടിയിരുന്നു. ഓട്ടോയും പിടിച്ചെടുത്തിരുന്നു. കൂടാതെ പലർക്കും ഇറച്ചി വിൽപന നടത്തുകയും ചെയ്തിരുന്നു.
രമണന്റെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ പിടികൂടിയത്. നേരത്തെ ഓട്ടോ ഡ്രൈവർ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ട്. തോട്ടം മേഖല കേന്ദ്രീകരിച്ച് ഇനിയും വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായും ഇത്തരക്കാരെ പിടികൂടാൻ ശക്തമായ റെയ്ഡുകൾ തുടരുന്നതായും റേഞ്ച് ഓഫീസർ പറഞ്ഞു. പിടിയിലായവർ നിരവധി പന്നികളെ വേട്ടയാടിയിട്ടുണ്ടെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.