ന്യൂഡൽഹി ∙ ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിനു മുൻപ് യഥാർഥമാണോയെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്ന് ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) നിർദേശം. നേരിട്ടോ ഇലക്ട്രോണിക് രീതിയിലോ ആധാർ സ്വീകരിക്കുമ്പോൾ വെരിഫൈ ചെയ്യണം.
രണ്ടു രീതിയിൽ പരിശോധിക്കാം
1) എം–ആധാർ (m-Aadhaar) മൊബൈൽ ആപ്പിൽ വെരിഫൈ ആധാർ എന്ന ഓപ്ഷനിൽ പോയി പരിശോധിക്കേണ്ട ആധാർ നൽകി സബ്മിറ്റ് ചെയ്യുക. യഥാർഥമെങ്കിൽ Dear resident, This Aadhaar number is active എന്ന് കാണിക്കും. ഒപ്പം ഏകദേശ പ്രായം, ജെൻഡർ, സംസ്ഥാനം, മൊബൈൽ നമ്പറിന്റെ അവസാന 3 അക്കം എന്നിവ കാണാം. ഇതും ഒത്തുനോക്കാം.
2) എം–ആധാർ ആപ്പിൽ ക്യുആർ കോഡ് സ്കാനർ എന്ന ഓപ്ഷൻ തുറന്ന് പരിശോധിക്കേണ്ട ആധാറിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക. യഥാർഥമെങ്കിൽ Aadhaar Data Verified എന്ന് കാണിക്കും. പേരും ജനനത്തീയതി അടക്കമുള്ള വിവരങ്ങളും കാണാം. ഇമെയിൽ വിലാസം വെരിഫൈ ചെയ്യാനും കഴിയും.