ദില്ലി : സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കടമെടുപ്പ് പരിധി കുറച്ചതിൽ അടക്കം പുനരാലോചന ആവശ്യപ്പെട്ടതായി ബാലഗോപാൽ അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന ചർച്ചകൾക്കായി ദില്ലിയിൽ എത്തിയതായിരുന്നു ധനമന്ത്രി.
സാമ്പത്തികമാന്ദ്യം മറികടക്കാനും കൊവിഡ് ദുരിതങ്ങൾ തരണം ചെയ്യാനും പ്രത്യേക പാക്കേജുകൾ വേണം. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ കേരളത്തിന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം ലഭിക്കുന്നില്ലെന്ന് കണക്കുകൾ ഉദ്ധരിച്ച പറഞ്ഞിട്ടുള്ളതാണ്. ജിഎസ്ടി വിഹിതം സംസ്ഥാനവും കേന്ദ്രവും തമ്മിൽ പങ്കുവെക്കുന്നത് സംബന്ധിച്ച് പ്രത്യേക പാറ്റേൺ വേണമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടമെടുക്കൽ പരിധി വെട്ടിക്കുറച്ച പ്രശ്നം ഉന്നയിച്ചതായും ബാലഗോപാപാൽ പറഞ്ഞു.
കേരളത്തിലെ ബജറ്റ് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. കേരളത്തിന്റെ ബജറ്റ് നേരെത്തെയാക്കുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ദില്ലിയിലെത്തിയത് കേന്ദ്രബജറ്റ് സംബന്ധിച്ച ചർച്ചകൾക്കാണെന്നും ലോകത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്ന പ്രഖ്യാപനം കേന്ദ്രബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.