അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം, കടക്കപ്പള്ളി ജ്യോസിയാ നിവാസിൽ തിയോഫിൻ (അനി-39) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 13 -നായിരുന്നു സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്‍റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും പണവും ആണ് പ്രതികൾ മോഷ്ടിച്ചത്.
സജീവന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നിതിടെ സമാന കേസിൽ അറസ്റ്റിലായ പ്രതികളുടെയും ജയിൽ മോചിതരായവരെയും പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുപതിലധികം മോഷണ കേസിൽ പ്രതിയായ സതീഷിനെ എറണാകുളം കങ്ങരപ്പടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നാണ് രണ്ടാം പ്രതിയായ തിയോഫിന്‍റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കത്തിക്കുത്ത് കേസിൽ റിമാൻഡിലായ ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ദ്വിജേഷ് എസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫ്, ജൂനിയർ സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു, ജോസഫ് ജോയി, അബൂബക്കർ, സിദ്ദീഖ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.