മാഗി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ എളുപ്പം തയ്യാറാക്കാം എന്നതാണ് മാഗിക്ക് ഇത്രയും ആരാധകരെ നേടി കൊടുത്തത്. ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ മാഗി പലര്‍ക്കുമൊരു സഹായമാണ്. കുട്ടികള്‍ക്കാണ് മാഗിയോട് കൂടുതല്‍ പ്രിയം. വൈകുന്നേരങ്ങളില്‍ സ്നാകായി പലരും മാഗി കഴിക്കാറുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാഗി കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. അതിനുള്ള ഉത്തരം പങ്കുവയ്ക്കുകയാണ് ഇവിടെ ഡയറ്റീഷ്യനായ സിമറാത് കതൂരിയ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് ഇവര്‍ ഇക്കാര്യം പറയുന്നത്.
ഒരു നേരം മാഗി കഴിക്കുമ്പോള്‍ 205 കലോറിയാണ് ലഭിക്കുക. കൂടാതെ 9.9 ഗ്രാം പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാഗിയിലുള്ള കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് 131 ആണ്. കലോറി വളരെ കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയുകയാണ് ഡയറ്റീഷ്യന്‍. എന്നാല്‍ ഇവ ആരോഗ്യകരമായ സ്നാക് അല്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.
ശരീരത്തിന് വേണ്ട വിറ്റാമിനുകളോ മിനറലുകളോ ഫൈബറോ ഒന്നും മാഗിയില്‍ നിന്നും ലഭിക്കില്ല. അതേസമയം ദീര്‍ഘനേരം കേടാകാതിരിക്കന്‍ പല കെമിക്കലുകളും മാഗിയില്‍ ചേര്‍ക്കുന്നുണ്ട്. അത് ശരീരത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല. കൂടാതെ മാഗിയില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലും ശരീരത്തിന് വേണ്ട ഗുണങ്ങള്‍ ഒന്നും ഇവ നല്‍കുന്നില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. അതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ എന്ന കണക്കില്‍ മാഗി കഴിക്കുന്നതാണ് നല്ലതെന്നും സിമറാത് പറയുന്നു. മാഗി കഴിക്കുന്നുണ്ടെങ്കില്‍ പച്ചക്കറികളും ചേര്‍ത്തു വേണം കഴിക്കാന്‍ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.