ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കി റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള പാലക്കാട്ട് ചെര്‍പ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കൽ കോളേജ് വീഴ്ച വരുത്തിയാല്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍റെ ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥയും ഒഴിവാക്കിയിരുന്നതായി സംസ്ഥാനം വ്യക്തമാക്കി.
വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോവിഡിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തെ തുടർന്നാണ് സർട്ടിഫിക്കറ്റ് പുതുക്കി നൽകിയതെന്നും സംസ്ഥാനം അറിയിച്ചു. കേരള മെഡിക്കൽ കോളേജിന് പരിശോധന നടത്താതെയാണ് ആരോഗ്യ വകുപ്പ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സുപ്രിം കോടതി ഇക്കാര്യത്തില്‍ സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന നിയമ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കല്‍ കോളേജുകള്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഉറപ്പ് സംബന്ധിച്ച് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചെര്‍പ്പുളശ്ശേരിയിലെ കേരളാ മെഡിക്കല്‍ കോളേജിന് ഈ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതോടൊപ്പം മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള ന്യായീകരണവും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. ഈ വ്യവസ്ഥയും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, വ്യവസ്ഥകള്‍ ഒഴിവാക്കി കോളേജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജ് ഇതുവരെയായും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രിം കോടതിയെ അറിയിച്ചു.