ദില്ലി: കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനലംഘനങ്ങളില്‍ പ്രതിഷേധിച്ച് രാജ്ഭവനുകളിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്. താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യം ഉയര്‍ത്തി സംയുക്ത കിസാൻ മോർച്ചയാണ് മാർച്ച് സംഘടിപ്പിച്ചത്. 2020 ലെ കർഷകരുടെ ദില്ലി മാർച്ചിന്‍റെ വാർഷികദിനത്തിലായിരുന്നു പ്രതിഷേധം.
വിളകള്‍ക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കണം, വായ്പ എഴുതിത്തള്ളണം തുടങ്ങി 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവർണർമാരുടെ ഓഫീസുകളിലേക്കായിരുന്നു മാർച്ച്. 2020 ലെ കർഷകരുടെ ദില്ലി മാർച്ച് രണ്ട് വർഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നടത്തിയ പ്രതിഷേധം വരുന്ന സമരപരമ്പരകളുടെ മുന്നോടിയാണെന്നാണ് കർഷകരുടെ പ്രഖ്യാപനം. രാജ്ഭവനിലേക്കുള്ള മാർച്ചിനൊടുവില്‍ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം രാഷ്ട്രപതിക്ക് കൈമാറാനായി കർഷകര്‍ ഗവർണമാർക്ക് നല്‍കി.
പിളർപ്പിന് ശേഷം നടക്കുന്ന സമരത്തില്‍ കർഷക സംഘടനകളിലെ രാഷ്ട്രീയേതര വിഭാഗം പങ്കെടുത്തില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ രാഷ്ട്രീയേതര വിഭാഗം ദില്ലിയില്‍ മഹാപഞ്ചായത്ത് നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് വ്യത്യസ്തമായാണെങ്കിലും ഇരു വിഭാഗങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സമാനമാണ്. 2024 ൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടൂതല്‍ സമരങ്ങള്‍ നടത്തുമെന്നാണ് ഇരുവിഭാഗത്തിന്‍റെയും പ്രഖ്യാപനം.