ഇംഗ്ലണ്ട് : മാതൃത്വത്തിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവെയ്ക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. പലരും കുഞ്ഞിനു മുലയൂട്ടുന്നതിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് പതിവാണ്. ഇത്തരം ചിത്രങ്ങളെ മോശം കണ്ണുകളോടെ കാണുന്നവരും ഉണ്ട്. പരസ്യമായി മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ട്. എന്നാൽ സ്ത്രീയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രമെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയാണ് ഇംഗ്ലണ്ടും വെയിൽസും. അമ്മയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങളെടുത്താൽ 2 വർഷം തടവാണ് ശിക്ഷ. കോർട്ട് ബില്ലിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് നിയമന്ത്രാലയം വ്യക്തമാക്കി. വനിതകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിയമം. ‘ഇത്തരം ചിത്രങ്ങളിലൂടെ സ്ത്രീകളെ ശല്യപ്പടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അനുവദിക്കില്ല. ഒരു അമ്മയും ഇത്തരം പീഡനങ്ങൾക്ക് ഇനി ഇരയാകരുത്. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടതു ചെയ്യാൻ നാം ബാധ്യസ്ഥരാണ്. ഈ നിയമ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് നിയമവ്യവസ്ഥയില്‍ കൂടുതൽ വിശ്വാസ്യത വരും.’– നിയമ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു.
മാഞ്ചസ്റ്ററിലെ ഡിസൈനറായ ജൂലിയ കൂപ്പർ പരസ്യമായി മുലയൂട്ടുന്നതിനെ തുടർന്ന് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ ഒരു ക്യാംപയ്ൻ ആരംഭിച്ചിരുന്നു. കുഞ്ഞിന് പരസ്യമായി മുലയൂട്ടിയതിനെ തുടർന്ന് തനിക്കുണ്ടായ ദുരനുഭവവും ജൂലിയ പറഞ്ഞു. ‘ഞാൻ പൊതുയിടത്തിലെ ഒരു ബഞ്ചിലിരുന്ന് എന്റെ മകളെ മുലയൂട്ടുകയായിരുന്നു. അപ്പോഴാണ് ഞങ്ങൾക്ക് എതിരായുള്ള ബെഞ്ചിലിരുന്ന് ഒരാൾ ഞാൻ കുഞ്ഞിനു പാൽ നൽകുന്നതിന്റെ വിഡിയോ എടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഞാൻ അവനോട് ഇത് ചോദ്യം ചെയ്തപ്പോൾ അവൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഞങ്ങളുടെ ചിത്രങ്ങൾ പകർത്താന്‍ തുടങ്ങി.’– ജൂലിയ കൂപ്പർ പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവം എംപി ജെഫ് സ്മിത്തിനെയും അദ്ദേഹത്തിന്റെ അനുയായി സ്റ്റെല്ലാ ക്രീസിയെയും അറിയിച്ചു. അപ്പോൾ മുൻപ് ട്രെയിനിൽ വെച്ച് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സ്റ്റെല്ലയും പറഞ്ഞു. തുടർന്നാണ് #BreastPestsStopped എന്ന ഹാഷ്ടാഗിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ ജൂലിയ സോഷ്യൽ മീഡിയ ക്യാംപയ്ൻ ആരംഭിച്ചു. പുതിയ നിയമഭേദഗതിയിലൂടെ മുലയൂട്ടുന്നതിന്റെ പേരിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങൾ ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്നും നിയമമന്ത്രാലയം വ്യക്തമാക്കി.