റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹം. 50,000 റിയാല്‍ (10 ലക്ഷം രൂപ) പിഴയോ ആറുമാസത്തെ തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഭിഭാഷക മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴിയുള്ള സഹായ അപേക്ഷകള്‍ ഇലക്ട്രോണിക് ഭിക്ഷാടനത്തിന് കീഴില്‍ വരുന്നതാണെന്ന് അഭിഭാഷക സാറ അല്‍ ഹര്‍ബി സൗദി ടെലിവിഷനോട് വെളിപ്പെടുത്തി.
ഇത്തരത്തിലുള്ള സഹായ അഭ്യര്‍ത്ഥനകള്‍ സൗദിയില്‍ നിയമവിരുദ്ധമാണെന്നും ഭിക്ഷാടനമായി ഇവ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു. യാചകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ആറു മാസം തടവുശിക്ഷയോ 50,000 റിയാല്‍ പിഴയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നത് വിദേശികളാണെങ്കില്‍ അവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും തിരികെ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
സൗദി അറേബ്യയിലെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്ലാറ്റ്‌ഫോമുകള്‍ വഴി ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നത് ഉറപ്പുവരുത്താറുണ്ട്. സ്വദേശികളും പ്രവാസികളും ഇത്തരത്തില്‍ നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സംഭാവനകള്‍ നല്‍കാവൂ എന്ന് സൗദി അധികൃതര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴി ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്ന ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് സൗദി തുടക്കമിട്ടിരുന്നു