മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെ. പക്ഷേ, ഡോക്ടറുടെ കൂടി അഭിപ്രായം ഇക്കാര്യത്തിൽ ചോദിച്ചിരിക്കണം. കാരണം കല്ലിനൊപ്പം മറ്റ് ചില വൃക്കരോഗങ്ങൾ കൂടിയുണ്ടെങ്കിൽ വെള്ളം കുടി നിയന്ത്രിക്കേണ്ടിയും വരാം.
ആഹാരത്തിൽ ഉപ്പു കുറയ്ക്കുക എന്നതും പ്രധാനമാണ്. അതുപോലെ പാലും പാലിന്റെ അംശം അടങ്ങിയ ആഹാരവും ഒഴിവാക്കുന്നതാണ് നല്ലത്. കല്ലുകളുടെ വളർച്ചയെ സജീവമാക്കുന്ന ഫോസ്ഫറസ്, ഓക്സലേറ്റ് എന്നീ ഘടകങ്ങൾ അവയിലുണ്ട് എന്നതാണ് അതിനു കാരണം. മാട്ടിറച്ചിയും ആട്ടിറച്ചിയും (ബീഫ്, മട്ടൻ) ഒഴിവാക്കണം. അവ യൂറിക്ക് ആസിഡിന്റെ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിനാലാണ് അവ ഒഴിവാക്കാൻ നിർദേശിക്കുന്നത്.
അണ്ടിപരിപ്പ്, ബദാം, കപ്പലണ്ടി എന്നിവ ഒഴിവാക്കുക. കാരണം, അവയും യൂറിക് ആസിഡ് കൂട്ടും.
തക്കാളിയും പച്ചക്കറികളും കൂടുതൽ കഴിക്കരുത്. അമിതമായി ഇലക്കറികൾ കഴിക്കരുത്. മത്തങ്ങ, കാബേജ്, കത്തിരിക്ക, കോളിഫ്ലവർ, കുമിൾ എന്നിവയാണ് പ്രത്യേകം ഒഴിവാക്കേണ്ടത്.
മൂത്രത്തിൽ കല്ലു വരാതിരിക്കാൻ
∙ ധാരാളം വെള്ളം കുടിക്കുക (10—15 ഗ്ലാസ്)
∙ ഉപ്പു കുറയ്ക്കുക
∙ ലഘുഭക്ഷണം ഒഴിവാക്കുക
∙ എണ്ണപലഹാരങ്ങൾ ഒഴിവാക്കുക
∙ ബീഫും മട്ടണും കുറയ്ക്കുക.