ദില്ലി : രാജസ്ഥാൻ കോൺഗ്രസിൽ ഒരിടവേളക്ക് ശേഷം വീണ്ടും അധികാരത്തർക്കം തലപൊക്കിയതിന്റെ അതൃപ്തിയിലാണ് എഐസിസിസി നേതൃത്വം. അധികാരത്തർക്കത്തിനൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സച്ചിൻ പൈലറ്റിനെതിരെ നടത്തിയ ചില പദപ്രയോഗങ്ങളാണ് നേതൃത്വത്തെ കൂടുതൽ ചൊടുപ്പിച്ചത്.
സച്ചിൻ പൈലറ്റ് ചതിയനാണെന്നാണ് അഭിമുഖത്തിൽ ഗെലോട്ട് തുറന്നടിച്ചത്. ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. പത്ത് എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത സച്ചിനെ ഹൈക്കമാൻഡിന് മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനാണ് സച്ചിൻ നേരത്തെ ശ്രമിച്ചതെന്നുമാണ് 2020 ലെ രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയെ ഓർമ്മിപ്പിച്ച് ഗെലോട്ട് തുറന്നടിച്ചത്. ഈ പരാമർശങ്ങൾ വലിയ വിവാദമായി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായ സച്ചിൻ നേരിട്ട് രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും അതൃപ്തിയറിയിച്ചു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നും ഗെലോട്ടിന്റെ വാക്കുകൾക്കെതിരെ വലിയ എതിർപ്പാണ് ഇതിനോടകം ഉയർന്നത്. ഗെലോട്ട് കടുത്ത പദങ്ങൾ ഉപയോഗിക്കരുതായിരുന്നുവെന്നാണ് പാർട്ടി വക്താവ് ജയറാം രമേശ് അഭിപ്രായപ്പെട്ടത്. പാർട്ടിയാണ് വലുത്, നേതാക്കളല്ല പാർട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനമുണ്ടാകണമെന്നും ജയറാം രമേശ് നിർദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെടും. ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് നീക്കം.
മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്ന സച്ചിന്‍ പൈലറ്റ് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എഐസിസിയോടാവശ്യപ്പെട്ടതായാണ് സൂചന. ഇരുപതില്‍ താഴെ എംഎല്‍എമാരെ ഒപ്പമുള്ളൂവെന്ന് വ്യക്തമായിരുന്നെങ്കിലും, മുഴുവന്‍ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മര്‍ദ്ദം ചെലുത്തിയും, ഭീഷണിപ്പെടുത്തിയും എംഎല്‍എമാരെ ഇതുവരെ ഗലോട്ട് ഒപ്പം നിര്‍ത്തുകയായിരുന്നുവെന്നാണ് സച്ചിന്‍റെ വാദം. അതേ സമയം, എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിട്ടൊഴിയില്ലെന്ന് അശോക് ഗലോട്ട് ആവര്‍ത്തിക്കുന്നത്. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാന്‍ഡിന്റെ ക്ഷണം തള്ളി രാജസ്ഥാനില്‍ തുടരുന്നതും ഈ ബലത്തിലാണ്.