പാലക്കാട്: ലോകമെങ്ങും ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിക്കഴിഞ്ഞു. പ്രീ ക്വാട്ടര്‍ മത്സരങ്ങള്‍ കഴിയാന്‍ ഇനി അധിക നാളില്ല. അപ്പോഴും ആവേശം ഒട്ടും ചോരാതെ നിര്‍ത്തുകയാണ് പലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാര്‍. ഓരോ ഗ്രാമത്തിലും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുമ്പോള്‍, മുമ്പുയര്‍ത്തിയ കട്ടൗട്ടുകളെക്കാള്‍ വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്താനാണ് ഓരോ കളിയാരാധകരുടെയും ശ്രമം. ഇത്തവണ അത് കൊല്ലക്കോട്ടുകാര്‍ സ്വന്തമാക്കി. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലും വയനാട്ടിലും മലപ്പുറത്തും ഉയര്‍ത്തിയതില്‍ ഏതൊരു കട്ടൗട്ടിനെക്കാളും ഉയരമുണ്ട് കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്കെന്ന് കൊല്ലങ്കോട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
കൊല്ലങ്കോട് – പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് ഇത്തവണ ഏറ്റവും ഉയരമുള്ള കട്ടൗട്ട് ഉയര്‍ന്നിരിക്കുന്നത്. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റായാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍. ശനിയാഴ്ച രാത്രിയാണ് ഈ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. നിരവധി ദിവസത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷം ആഘോഷത്തോടെയാണ് ആരാധകര്‍ തങ്ങളുടെ ഇഷ്ട കളിക്കാരന്‍റെ കട്ടൗട്ട് ഉയര്‍ത്തിയത്.
പോര്‍ച്ചുഗല്‍ വിജയങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. കൂടാതെ അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ കളിക്കാരന്‍ എന്ന റിക്കോര്‍ഡും ഇതിനകം ക്രിസ്റ്റിയാനോ സ്വന്തമാക്കി കഴിഞ്ഞത് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തുന്നു. 120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെടുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്‍ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. ആവേശം വാനോളമുയര്‍ത്തി എം എല്‍ എ കെ ബാബു കേക്ക് മുറിച്ച് കട്ടൗട്ട് ഉദ്ഘാടനം ചെയ്തതു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ സത്യപാല്‍, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, മറ്റ് ജനപ്രതിനിധികള്‍, ഫിന്‍ഗ്രൂപ്പ് എം ഡി രജിത, ജനറല്‍ മാനേജര്‍ വൈശാഖ്. എന്നിവരും ക്രിസ്റ്റിയാനോയുടെ ആരാധകരുമായ നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു.