അഹമ്മദാബാദ്∙ ബിജെപിയിൽനിന്ന് രാജിവച്ച ഗുജറാത്ത് മുൻമന്ത്രി ജയ് നാരായൺ വ്യാസ് തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നു. എഴുപത്തിയഞ്ചുകാരനായ മുൻ ബിജെപി നേതാവിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് പാർട്ടിയിലേക്കു ചേർത്തത്. ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗോലോട്ടും സന്നിഹിതനായിരുന്നു.
വ്യാസിനൊപ്പം മകൻ സമീർ വ്യാസും കോൺഗ്രസിൽ ചേർന്നു. 30 വർഷത്തിലധികം ബിജെപിയുടെ ഭാഗമായിരുന്നു വ്യാസ്. നരേന്ദ്ര മോദിയും കേശുഭായ് പട്ടേലും മുഖ്യമന്ത്രിമാരായിരുന്ന മന്ത്രിസഭയിൽ അംഗമായിരുന്നു വ്യാസ്. 2007–2012ൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായിരുന്നു അദ്ദേഹം. നവംബർ അഞ്ചിനാണ് ബിജെപി വിട്ടത്. രാജിവച്ചതിനു പിന്നാലെതന്നെ കോൺഗ്രസ്, ആംആദ്മി പാർട്ടികളെക്കുറിച്ചു ചിന്തിക്കുകയാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1998ലും 2007ലും പട്ടാൻ ജില്ലയിലെ സിദ്പുരിൽനിന്നാണു വ്യാസ് നിയമസഭയെ പ്രതിനിധീകരിച്ചിരുന്നത്. 2002ലും 2012ലും 2017ലും ഇവിടെ പരാജയപ്പെട്ടു. വ്യാസിനെ ഇവിടെ 2002ലും 2012ലും പരാജയപ്പെടുത്തിയ കോൺഗ്രസ് നേതാവ് ബൽവന്ത്സിൻഹ് രാജ്പുത് ഇപ്പോൾ ബിജെപിയിൽ ആണ്. ഐഐടി ബോംബെയിൽനിന്നു ബിരുദം നേടിയ സിവിൽ എൻജിനീയറാണ് വ്യാസ്. ഭരണനിർവഹണം, സാമ്പത്തിക, ധനകാര്യ രംഗങ്ങളിൽ വൈദഗ്ധ്യമുണ്ട്. സർദാർ സരോവർ നർമദ നിഗം ലിമിറ്റഡിന്റെ ചെയർമാൻ കൂടിയായിരുന്നു വ്യാസ്.
അതേസമയം, വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പല ബിജെപി നേതാക്കളും പാർട്ടി വിട്ടു മറുകണ്ടം ചാടുകയോ സ്വതന്ത്രരായി പത്രിക നൽകുകയോ ചെയ്തിട്ടുണ്ട്. 82 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബർ ഒന്നിനും അഞ്ചിനും നടക്കും.