തിരുവനന്തപുരം∙ ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയത് നിയമപരമായെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാലാണെന്നും കമ്മിഷണര്‍ പറഞ്ഞു.
അതേസമയം, സമരക്കാര്‍ക്കുനേരെ പൊലീസ് കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന സമരക്കാരുടെയും ലത്തീന്‍ സഭയുടെയും ആരോപണം പൊലീസ് നിഷേധിച്ചു. മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സമരക്കാര്‍ തുടക്കം മുതല്‍ പ്രകോപനപരമായാണ് പെരുമാറിയത്. 40 ലധികം പൊലീസുകാരെ ആക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ല. പൊലീസ് കല്ലെറിഞ്ഞില്ലെന്നും ബാഹ്യശക്തികള്‍ ഇടപെട്ടോയെന്ന് അറിയില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.
ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് പ്രകോപനം ഉണ്ടാക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചു. വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അക്രമത്തെ പ്രതിപക്ഷം ന്യായീകരിക്കുന്നില്ലെന്നും വി.ഡി.സതീശന് പറഞ്ഞു.