അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനും അതുവഴി നാഫിസ് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിനുമായി കുടുംബത്തിലെ 43 പേര്‍ക്ക് ജോലി നല്‍കി തൊഴിലുടമ. സ്വദേശിയായ തൊഴിലുടമയ്‌ക്കെതിരെ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിയമ നടപടി ആരംഭിച്ചു. നാഫിസ് പദ്ധതി ദുരുപയോഗം ചെയ്യുകയും വ്യാജ സ്വദേശിവത്കരണം നടപ്പാക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഓരോ സ്വദേശിക്കും 100,000 ദിര്‍ഹം വരെ എന്ന തോതിലാണ് പിഴ ചുമത്തുക.
ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ ജോലിക്ക് നിയമിക്കുന്നതിനെ എതിര്‍ക്കുന്ന യാതൊരു നിബന്ധനയുമില്ല. എന്നാല്‍ നാഫിസ് പദ്ധതിയുടെ ഗുണഫലം ദുരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഇതിനെ വ്യാജ സ്വദേശിവത്കരണമായി കണക്കാക്കുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യാതെ കമ്പനിയുടെ റെക്കോര്‍ഡില്‍ സ്വദേശി എന്റോള്‍ ചെയ്യപ്പെട്ടാലോ ഏതെങ്കിലും എമിറാത്തിയെ, അധികൃതരെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതേ കമ്പനി വീണ്ടും നിയമിച്ചാലോ ഇതിനെ വ്യാജ സ്വദേശിവത്കരണമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളില്‍ മന്ത്രാലയം നിയമലംഘകരായ കമ്പനികള്‍ക്ക് പിഴ ചുമത്തുകയും നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. ശരിയായ സ്വദേശിവത്കരണ നിരക്ക് നേടുന്നതിനാണ് നാഫിസ് പദ്ധതി വഴി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ വ്യാജ സ്വദേശിവത്കരണം കണ്ടെത്താന്‍ മന്ത്രാലയം പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. പ്രതിവര്‍ഷം ആറു ശതമാനത്തിലേറെ സ്വദേശിവത്കരണം നടത്തുനന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത ജനുവരി ഒന്ന് മുതല്‍ അന്‍പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം എന്നാണ് നിയമം. വര്‍ഷം രണ്ട് ശതമാനമെന്ന നിരക്കില്‍ സ്വദേശികളെ നിയമിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രതിമാസം ഒരു സ്വദേശി ജീവനക്കാരന് ആറായിരം ദിര്‍ഹം എന്ന നിരക്കിൽ പിഴയൊടുക്കണം. സ്വദേശിവൽക്കരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകും.
അമ്പതിലേറെ തൊഴിലാളികള്‍ ഉണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാന്‍ തയ്യാറാകാത്ത കമ്പനിക്ക് പ്രതിവര്‍ഷം 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക. 51-100 തൊഴിലാളികളുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ. 101-150 ജീവനക്കാരുണ്ടെങ്കില്‍ മൂന്ന് സ്വദേശികളെ നിയമിക്കണം. നാഫിസ് വഴിയാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പൂര്‍ത്തിയാക്കുക. നിയമനം നല്‍കുന്ന സ്വദേശിക്ക് മന്ത്രാലയത്തിന്‍റെ വര്‍ക് പെര്‍മിറ്റ് ഉണ്ടാവണം.