അഹമ്മദാബാദ്: ഗുജറാത്തിൽ ഡിസംബറിൽ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറ്റവും പുതിയ എബിപി-സിവോട്ടർ സർവേ പുറത്ത്. സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്നാണ് സി വോട്ടർ പ്രവചനം. 182 അംഗ നിയമസഭയിൽ 134-142 സീറ്റുകൾ വരെ ബിജെപി നേടുമെന്നും സർവേ പറയുന്നു. അതേസമയം കോൺഗ്രസിന് വൻതിരിച്ചടിയുണ്ടാകും. എഎപി കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുക്കും. തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേറുമെന്നാണ് സർവേ പറയുന്നത്.
കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് പ്രധാന എതിരാളികൾ. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസിന് 77 സീറ്റും ലഭിച്ചു. പുതിയ സർവേ പ്രകാരം ഇത്തവണ കോൺഗ്രസ് 28-36 സീറ്റുകളിലൊതുങ്ങും. എഎപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന് 7-15 സീറ്റുകൾ നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. 45.9 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കു. 2017ൽ ലഭിച്ചതിനേക്കാൾ 3.2 ശതമാനം കുറവ് വോട്ടേ ലഭിക്കൂ. എന്നാൽ സീറ്റ് വർധിക്കും. 26.9 ശതമാനം വോട്ട് വിഹിതം മാത്രമേ കോൺഗ്രസിന് ലഭിക്കൂ. വോട്ടുവിഹിതത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 14 ശതമാനം കുറവ് കുറയും. ആം ആദ്മി പാർട്ടിക്ക് (എഎപി) ആകെ പോൾ ചെയ്ത വോട്ടിന്റെ 21.2 ശതമാനം നേടാനാകുമെന്ന് സർവേ പറയുന്നു. മധ്യഗുജറാത്തിൽ ബിജെപി 45-49 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസിന് 10-14 സീറ്റുകൾ വരെ ലഭിക്കൂ.
32 മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടക്കൻ ഗുജറാത്തിൽ ബിജെപിക്ക് 20-24 സീറ്റുകളും കോൺഗ്രസിന് 8-12 സീറ്റുകളും ലഭിക്കും.
തെക്കൻ ഗുജറാത്തിലാണ് ബിജെപിക്ക് കൂടുതൽ ആധിപത്യം പ്രവചിക്കുന്നത്. 35 മണ്ഡലങ്ങളിൽ 27-31 സീറ്റുകളിൽ ബിജെപി വിജയിക്കും. കോൺഗ്രസിന് 2-6 സീറ്റുകൾ മാത്രമേ ലഭിക്കൂ. 54 സീറ്റുകളുള്ള കച്ച്-സൗരാഷ്ട്ര മേഖലയിൽ ബിജെപി 38-42 സീറ്റുകൾ നേടും. അതേസമയം, കോൺഗ്രസിന് 4-8 സീറ്റുകൾ മാത്രമേ ലഭിക്കൂ. ഈ മേഖലയിൽലാണ് എഎപിക്ക് 7-9 സീറ്റുകളാണ് സർവേ പറയുന്നത്.