ഒമിക്രോണ്‍ വകഭേദം മൂലം കോവിഡിന്‍റെ മൂന്നാം തരംഗത്തിന് ലോകമെങ്ങും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കേ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്ലൊറോണ ആശങ്ക ഉയര്‍ത്തിയിരുന്നു. കൊറോണ വൈറസും ഫ്ളൂ വൈറസും ഒരേ സമയം ഒരാള്‍ക്ക് പിടിപെടുന്ന അപൂര്‍വ അണുബാധയാണ് ഇസ്രയേലിലെ ഒരു സ്ത്രീയില്‍ കണ്ടെത്തിയത്. രോഗബാധിതയായ സ്ത്രീ കോവിഡ് വാക്സീന്‍ എടുത്തിരുന്നില്ല എന്നതാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. താരതമ്യേന ലഘുവായ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ നില ഗുരുതരമല്ലെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും ഒമിക്രോണുമൊക്കെ പോലെ കോവിഡിന്‍റെ ജനിതക പരിവര്‍ത്തനം സംഭവിച്ച വകഭേദമല്ല ഫ്ലൊറോണയെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ്, ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ ഒരുമിച്ച് ബാധിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു ഇരട്ട ശ്വാസകോശ അണുബാധയാണ് ഇത്.
കോവിഡിനും ഇന്‍ഫ്ളുവന്‍സയ്ക്കും ഏതാണ്ട് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് ഉള്ളത്. തൊണ്ട വേദന, ചുമ, മൂക്കൊലിപ്പ്, പനി, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. രോഗതീവ്രത ഓരോ രോഗിയിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ലഘുവായ ലക്ഷണങ്ങളാണ് വരുന്നതെങ്കില്‍ ചിലര്‍ക്ക് രോഗം സങ്കീര്‍ണ്ണമാകാം. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഫ്ലൊറോണയും മരണകാരണമായേക്കാം. രോഗബാധിതന്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറന്തള്ളപ്പെടുന്ന വൈറസ് കണികകള്‍ വായുവില്‍ തങ്ങി നിന്നാണ് മറ്റൊരാളിലേക്ക് ഫ്ലൊറോണ വൈറസുകളും പടരുന്നത്. വൈറസ് ബാധിക്കപ്പെട്ട് കഴിഞ്ഞാല്‍ രണ്ട് മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. രോഗബാധയുടെ ആദ്യ ദിനങ്ങളില്‍ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കാനുള്ള സാധ്യത അധികമാണ്.
മഞ്ഞുകാലമെത്തിയതോടെ അന്തരീക്ഷ ഊഷ്മാവ് താഴ്ന്നതാണ് കോവിഡിനൊപ്പം ഇന്‍ഫ്ളുവന്‍സയും ബാധിക്കുന്ന ഫ്ലൊറോണ പോലുള്ള ഇരട്ട അണുബാധയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിച്ചത്. രണ്ട് വൈറസുകള്‍ക്കെതിരെ ഒരേ സമയം പോരാടുകയെന്നത് ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങളിലെ സമാനതകള്‍ മൂലം രോഗനിര്‍ണ്ണയം വൈകുന്നതും സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കാം. ഫ്ലൊറോണയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ചോ രോഗതീവ്രതയെക്കുറിച്ചോ നിലവില്‍ ഒന്നും പറയാനാകില്ലെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെപ്പറ്റിയുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ഇസ്രയേലില്‍ പുരോഗമിക്കുകയാണ്. ഫ്ളൂ വാക്സീനുകളും കോവിഡ് വാക്സീനുകളും എടുക്കുന്നതിന് പുറമേ മാസ്ക്, കൈകഴുകല്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഫ്ലൊറോണയ്ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.