റിയാദ്: ദോഹയിലേക്ക് ലോകകപ്പ് ഫുട്ബാൾ കാണാൻ പോകുന്നവർക്കായി സൗദി – ഖത്തർ അതിർത്തി കവാടമായ ‘സൽവ’യിൽ 50 കിടക്കകളുള്ള മൊബൈൽ ആശുപത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറിന്റെ പിന്തുണയോടെ കിഴക്കൻ ഹെൽത്ത് ക്ലസ്റ്ററാണ് 2000 ചതുരശ്ര മീറ്റർ വിസ്തൃതിൽ ഫീൽഡ് ആശുപത്രി ആരംഭിച്ചിരിക്കുന്നത്.
50 കിടക്കകളുള്ളതാണ് ആശുപത്രിയെന്ന് ജോയിൻറ് ക്ലിനിക്കൽ സേവനങ്ങൾക്കായുള്ള കിഴക്കൽ ഹെൽത്ത് ക്ലസ്റ്ററിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് ഡോ. മുബാറക് അൽമുൽഹിം പറഞ്ഞു. നാല് കിടക്കകളുള്ള മിനി എമർജൻസി ഡിപ്പാർട്ട്‌മെൻറിന് പുറമേ എട്ട് നിരീക്ഷണ കിടക്കകളും എട്ട് തീവ്രപരിചരണ കിടക്കകളുമുണ്ട്. സ്ഫോടക വസ്തുക്കളും മറ്റും മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുണ്ട്. ലബോറട്ടറി, എക്സ്-റേ റൂം, ഫാർമസി, ഉപകരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള മുറി, റേഡിയേഷൻ വിഷബാധയും വിഷ പദാർഥങ്ങളുമായി സമ്പർക്കം പുലർത്തുന്നതുമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മുറി എന്നിവയും ആശുപത്രിയിലുൾപ്പെടും.