ഇടുക്കി: വഖഫ് ബോര്‍ഡ് മുന്‍ സിഇഒ ബി മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഗവണ്‍മെന്‍റ് അഡീഷണല്‍ സെക്രട്ടറിയുടെയും വഖഫ് ബോര്‍ഡ് സിഇഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്പെഷ്യല്‍ അലവന്‍സ് കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം നടത്താന്‍ ഉത്തരവായത്. എറണാകുളം വിജിലന്‍സ് അന്വേഷിച്ച് 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവായത്. വാഴക്കാല സ്വദേശി ബിഎം അബ്ദുള്‍ സലാം നല്‍കിയ പരാതിയിലാണ് നടപടി. 2005 ല്‍ മുഹമ്മദ് ജമാലിനോട് അധികമായി കൈപ്പറ്റിയ വരുമാനം തിരിച്ചടക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അടച്ചില്ല. ഇതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.