മനാമ: ബഹ്റൈനില്‍ റെഡ് സിഗ്നനല്‍ മറികടന്ന് അപകടകരമായി വാഹനം ഓടിച്ച പ്രവാസി ജയിലിലായി. ഇയാള്‍ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
ഡ്രൈ ഡോക് ഹൈവേയിലൂടെ രാത്രിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച് ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്‍തതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചുവെന്ന് ട്രാഫിക് കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ വ്യക്തമായി. ബഹ്റൈനിലെ ഒരു ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന ഏഷ്യക്കാരനായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കാണ് പ്രതി ഓടിച്ചത്. ഈ വാഹനം ട്രാഫിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മനഃപൂര്‍വം റെഡ് സിഗ്നല്‍ ലംഘിക്കുകയായിരുന്നുവെന്ന് വിചാരണയ്ക്കിടെ പ്രതി സമ്മതിച്ചതായി കോടതി ഉത്തരവില്‍ പറയുന്നു. ഇയാളെ താത്കാലികമായി തടവില്‍ പാര്‍പ്പിക്കാനും ട്രക്ക് കസ്റ്റഡിയില്‍ സൂക്ഷിക്കാനും നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിവേഗ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.