തിരുവനന്തപുരം : ഡിസംബർ 3 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എങ്ങും വിളംബര ജാഥകളും ഫ്ലാഷ് മോബുകളും സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളംബര റാലിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരിട്ട് പങ്കെടുത്തു . നൃത്തവും പാട്ടുമൊക്കെയായി കുട്ടികളോടൊപ്പം അദ്ദേഹം പ്രചാരണ പരിപാടികളിൽ ഏറെ സമയം കാഴ്ചക്കാരനായി. കഴിഞ്ഞ അക്കാദമിക കാലയളവിൽ കോവിഡ് നഷ്ടപ്പെടുത്തിയ കായിക ദിനങ്ങൾ തിരിച്ചു പിടിക്കാൻ നമുക്ക് ഒരുമിക്കാം എന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. മന്ത്രിയോടൊപ്പം ചേർന്ന് നിന്ന് കുട്ടികൾ നിരവധി ആഹ്ലാദ സെൽഫികളും ഒപ്പിച്ചു. വരും ദിനങ്ങളിൽ കൂടുതൽ പ്രചാരണ പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു.