വര്‍ക്കല : വര്‍ക്കല റെയില്‍ വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്ഷന്. സതീഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ താന്‍ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യംചെയ്തതിന് ഓട്ടോറിക്ഷയെയും യാത്രക്കാരെയും ഗേറ്റ് കീപ്പര്‍ സതീഷ് കുമാര്‍ പൂട്ടിയിട്ടന്നാണ് പരാതി. വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാവിലെ 4.30-ഓടെയായിരുന്നു സംഭവം. വര്‍ക്കല സ്വദേശി ആശിഷിന്റെ ഓട്ടോയില്‍ സഞ്ചരിച്ച മലയിന്‍കീഴ് സ്വദേശി സാജന്, അമ്മ സൂസി എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. ലിഫ്റ്റിങ് ബാരിയര്‍ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളില്‍ തടഞ്ഞിട്ടതായാണ് പരാതി. തീവണ്ടി പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ഓട്ടോഡ്രൈവര്‍ ചോദ്യംചെയ്തതാണ് പ്രകോപനത്തിനു കാരണമായത്.